ന്യൂഡൽഹി :- കഴിഞ്ഞ ദിവസം എയർടെല്ലും വാവെയ് കമ്പനിയും ചേർന്നു നടത്തിയ ‘ഫൈവ്ജി’ പരീക്ഷണം വിജയമായ വാർത്ത രാജ്യമെങ്ങും ശ്രദ്ധേയമായി. ഇന്ത്യയിൽ ഫൈവ്ജി കേന്ദ്രീകരിച്ചു നടത്തിയ ആദ്യപരീക്ഷണമായിരുന്നു ഇത്. ഇന്ത്യയൊട്ടാകെ ഒരു ഫൈവ്ജി നെറ്റ്‌വർക് സ്ഥാപിക്കാനുള്ള വലിയ ലക്ഷ്യത്തിന്റെ ചെറിയ തുടക്കമെന്നായിരുന്നു പരീക്ഷണത്തെ എയർടെൽ വിശേഷിപ്പിച്ചത്. മറ്റുള്ളവരും ഫൈവ്ജി ലക്ഷ്യം വച്ചുള്ള വിക‌സനം ദ്രുതഗതിയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഫൈവ്ജി ലോകം എങ്ങനെയിരിക്കും? എന്തായിരിക്കും പ്രത്യേകതകൾ‌? ചോദ്യങ്ങൾ ഇപ്പോൾ തന്നെ ഉയർന്നു തുടങ്ങി.എന്താണ് ഫൈവ്ജി? മൊബൈൽ നെറ്റ്‌വർക്കുകളുടെ അഞ്ചാം തലമുറ. 2018ൽ വിന്റർ ഒളിംപിക്സ് വേദിയിൽ, ദക്ഷിണകൊറിയ ആദ്യമായി ഫൈവ്ജി ഉദ്ഘാടനം ചെയ്തു. 2020ൽ ലോകം മുഴുവൻ‌ വ്യാപിക്കുമെന്നു കരുതുന്ന സാങ്കേതികവിദ്യ വലിയ വിപ്ലവമാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന ഫോർജി വേഗം ആറ് എംബിപിഎസ് എന്ന കണക്കിലാണ് (ലോകത്തിൽ കുറഞ്ഞ ഫോർജി വേഗമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ). ഫോണുകൾ മാറും

നിലവിൽ 4ജി ഉപയോഗിക്കുന്ന ഹാൻഡ്സെറ്റുകളിൽ‌ 5ജി സേവനം ലഭിക്കുകയില്ല. 5ജിയുടെ വരവ് വിരലിലെണ്ണാവുന്ന വർഷങ്ങൾക്കിടയിൽ സംഭവിക്കുമെന്നതിനാൽ ഹാൻഡ് ഫോൺ വിപണിയിലും വമ്പൻ മാറ്റം പ്രതീക്ഷിക്കപ്പെടുന്നു‌. ഫോര്‍ ജിയെ മൊത്തത്തിൽ മാറ്റിക്കൊണ്ടായിരിക്കില്ല ഫൈവ് ജിയുടെ കടന്നുവരവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഐഓടി (ഇന്റർനെറ്റ് ഓഫ് തിങ്സ്) സാങ്കേതികവിദ്യയുടെ വികാസത്തിനും ഫൈവ്ജി കരുത്തേകും. വേഗം, കൂടുതൽ ഉപകരണങ്ങള്‍ ഘടിപ്പിക്കാനുള്ള ശേഷി, കുറഞ്ഞ ലേറ്റൻസിയും ഇതിന് സഹായകമാകും. പ്രത്യേകതകൾ‌

മികച്ച വേഗം:-

കുറഞ്ഞത് സെക്കൻഡിൽ ഒരു ജിബി, കൂടുതൽ പത്തു ജിബി വരെ എന്നാണ് വേഗം സംബന്ധിച്ച് വിദഗ്ധർ ഇപ്പോൾ പറയുന്നത്. കണ്ണടച്ചു തുറക്കുന്ന വേഗം കൊണ്ട് ഒന്നാന്തരം എച്ച്ഡി ചിത്രങ്ങൾ മൊബൈലിലെത്തുമെന്നു സാരം. എന്നാൽ ഈ വേഗം പ്രവൃത്തിയിൽ നടപ്പിലാകുമോയെന്നു കണ്ടറിയണം.

കുറഞ്ഞ ലേറ്റൻസി :-

ഉപകരണങ്ങൾ തമ്മിൽ ഡേറ്റ കൈമാറാൻ എടുക്കുന്ന താമസം ഫൈവ്ജിയിൽ സെക്കൻഡിന്റെ ആയിരത്തിൽ ഒന്നു മാത്രമായിരിക്കും.

കരുത്തുറ്റ നെറ്റ്‌വർക്:-

നെറ്റ്‌വർക്കിനോടു ഘടിപ്പിക്കാവുന്ന ഉപകരണങ്ങളുടെ എണ്ണം 10–100 മടങ്ങ് അധികം

കവറേജ്:-

100 ശതമാനം കവറേജും, ഏതാണ്ട് അത്ര തന്നെ ലഭ്യതയും

മികവ്:-

ഊർജ ഉപയോഗത്തിൽ 90 ശതമാനം കുറവ്, ബാറ്ററി കൂടുതൽ നിലനിൽക്കും.

facebook whatsapp