ന്യൂഡൽഹി :- ഒരു സംസ്ഥാനത്തു നിന്നു മറ്റൊരു സംസ്ഥാനത്തേക്കു സാധനങ്ങൾ കൊണ്ടു പോകുന്നതിനു ചരക്ക്, സേവന നികുതി പ്രകാരം ഇലക്ട്രോണിക് വേ ബിൽ അഥവാ ഇ വേബിൽ ഏപ്രിൽ ഒന്നു മുതൽ നടപ്പിലാകും. ഇന്നലെ ചേർന്ന മന്ത്രിതല സമിതിയാണ് ഈ തീരുമാനമെടുത്തതെന്നു കൺവീനറും ബിഹാർ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി പറഞ്ഞു. ഈ മാസം ഒന്നു മുതൽ ഇ വേ ബിൽ നടപ്പാക്കിയെങ്കിലും ഇലക്ട്രോണിക് സംവിധാനം തകരാറിലായതിനാൽ അന്നുതന്നെ നിർത്തിവച്ചിരുന്നു. മന്ത്രിതല സമിതിയുടെ തീരുമാനം മാർച്ച് 10ന് ചേരുന്ന ജിഎസ്ടി കൗൺസിൽ അംഗീകരിക്കുമെന്നാണു കരുതുന്നതെന്നു മോദി പറഞ്ഞു. ഏപ്രിൽ ഒന്നു മുതൽ ഇതു നടപ്പാക്കുമ്പോൾ 26 മുതൽ 30 ലക്ഷം വരെ ഇ ബില്ലുകൾ പുറപ്പെടുവിക്കേണ്ടി വരുമെന്നാണു കരുതുന്നത്. ജിഎസ്ടിക്കുള്ള പൊതു പോർട്ടലായ ജിഎസ്ടിഎൻ ഇതിനു സജ്ജമാകും എന്നാണ് കരുതുന്നതെന്നും സുശീൽ മോദി പറഞ്ഞു. 50,000 രൂപയ്ക്കു മുകളിലുള്ള സാധനങ്ങൾ മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടുപോകണമെങ്കിൽ ഇ വേ ബിൽ കൂടിയേ തീരൂ. ഇ വേ ബിൽ എസ്എംഎസ്സിലൂടെ തയാറാക്കാനും റദ്ദാക്കാനും കഴിയും. ഈ വേ ബില്ലിന് അപേക്ഷിക്കുമ്പോൾ ഈ വേ ബിൽ നമ്പർ (ഇബിഎൻ) ലഭിക്കും. ഇത് ചരക്ക് വിൽക്കുന്നയാളിനും വാങ്ങുന്നയാളിനും ചരക്കു നീക്കം നടത്തുന്ന വാഹന ഉടമയ്ക്കും ലഭിക്കും.

ഇ വേ ബിൽ യാത്രാരേഖ

ഇ വേ ബില്ലിൽ വാഹനത്തിന്റെ വിവരം, കൊണ്ടു പോകുന്ന ചരക്ക് തുടങ്ങിയ കാര്യങ്ങൾ ഉണ്ടാകും. വാഹനം തടഞ്ഞു നിർത്താതെ തന്നെ രേഖകൾ താരതമ്യ പരിശോധന നടത്താനുള്ള സംവിധാനമുണ്ട്.100 കിലോമീറ്റർ വരെ ചരക്ക് നീക്കത്തിനുള്ള ഈ–വേ ബില്ലിന്റെ കാലാവധി ഒരു ദിവസമാണ്.

തുടർന്നുള്ള ഓരോ നൂറു കിലോമീറ്ററിനും ഓരോ അധിക ദിവസം ഉണ്ട്. സമയപരിധിക്കുള്ളിൽ ചരക്ക് നീക്കാൻ സാധിച്ചില്ലെങ്കിൽ ഈ–വേ ബിൽ അസാധുവാകും. പ്രത്യേക സാഹചര്യങ്ങളിൽ വീണ്ടും തയാറാക്കാനുള്ള സൗകര്യമുണ്ട്.

ഇന്റർനെറ്റ്, മൊബൈൽ ആപ്പിലൂടെയും ഇ–വേ ബിൽ തയാറാക്കാം. ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്ക് റജിസ്റ്റർ ചെയ്ത മൊബൈലിലൂടെ എസ്എംഎസ് സംവിധാനത്തിലൂടെയും ഇ വേ ബിൽ തയ്യാറാക്കാം. ജൂലൈ ഒന്നിനു നിർത്തലാക്കിയ ചെക് പോസ്റ്റുകൾക്കു പകരമായാണ് ഇ-വേ ബിൽ പ്രാബല്യത്തിലാകുന്നത്.

facebook whatsapp