ന്യൂഡൽഹി / മുംബൈ ∙ പിഎൻബി തട്ടിപ്പുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ 523.72 കോടി രൂപയുടെ 21 വസ്തുവകകൾകൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 11,400 കോടി രൂപയുടെ തട്ടിപ്പുകേസിൽ ഇതുവരെ 6,393 കോടി രൂപയുടെ വസ്തുവകകൾ കണ്ടുകെട്ടിയതായി ഇഡി ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഇതിനിടെ, പഞ്ചാബ് നാഷനൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുനിൽ മേത്ത, എക്സിക്യൂട്ടീവ് ഡയറക്ടർ കെ.വി.ബ്രഹ്മാജി റാവു എന്നിവരെ സിബിഐ ചോദ്യംചെയ്തു. പിഎൻബിയുടെ ഓഡിറ്റർമാരെയും ചോദ്യംചെയ്‌തേക്കും. നേരത്തേ അറസ്റ്റിലായ 12 പേരുടെ ചോദ്യംചെയ്യൽ തുടരുകയാണ്.

മോദി, ആമി, മോദിയുടെ അമ്മാവനും ഗീതാഞ്ജലി ജെംസിന്റെ പ്രമോട്ടറുമായ മെഹുൽ ചോംസ്‌കി എന്നിവരോടു നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിട്ടുണ്ട്. നഗരത്തിൽ വർളി മേഖലയിലെ സമുദ്ര മഹൽ അപ്പാർട്‌മെന്റ്‌സിൽ മൂന്നു ഫ്ലാറ്റുകൾ യോജിപ്പിച്ച 81.16 കോടി രൂപയുടെ പെന്റ്ഹൗസും അവിടെത്തന്നെ കടലിന് അഭിമുഖമായുള്ള 15.45 കോടി രൂപയുടെ ഫ്ലാറ്റും ഉൾപ്പെടെ നഗരത്തിലെ ആറു താമസസ്ഥലങ്ങളും പത്ത് ഓഫിസുകളും പുണെയിലെ രണ്ടു ഫ്ലാറ്റുകളും അലിബാഗിലെ ഫാം ഹൗസും സൗരോർജ പ്ലാന്റും അഹമ്മദ്‌നഗർ ജില്ലയിലെ കർജത്തിലെ 135 ഏക്കർ ഭൂമിയും ഉൾപ്പെടെ 21 വസ്തുവകകളാണു കണ്ടുകെട്ടിയത്.

സമുദ്രമഹൽ ഫ്ലാറ്റുകളും പുണെയിലെ രണ്ടു ഫ്ലാറ്റുകളും മോദിയുടെയും ഭാര്യ ആമിയുടെയും പേരിലും നഗരത്തിലെ കാലഘോഡ, ഒപേറ ഹൗസ് മേഖലയിലെ വസ്തുവകകൾ മോദിയുടെ വജ്രവ്യാപാര സ്ഥാപനമായ ഡയമണ്ട് ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ളതുമാണ്. അലിബാഗിലെ ബീച്ചിനു സമീപം കിഹിം മേഖലയിലെ ഫാം ഹൗസിനും ഭൂമിക്കും 42.70 കോടി രൂപ മതിക്കും. അഹമ്മദ്‌നഗർ ജില്ലയിലെ കർജത്തിലുള്ള 53 ഹെക്ടർ സോളർ പ്ലാന്റിന് 70 കോടി രൂപ മതിക്കും. മുംബൈയിലെ ലോവർ പരേലിൽ മാർക്ക് ബിസിനസ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള രണ്ട് ഓഫിസുകൾക്ക് 80 കോടി മതിക്കും. ഇതേസമയം, നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും പാസ്പോർട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കി.

നാലാഴ്ചത്തേക്കു പാസ്പോർട്ട് സസ്പെൻഡ് ചെയ്യുന്നുവെന്നും ഒരാഴ്ചയ്ക്കകം മറുപടി ലഭിച്ചില്ലെങ്കിൽ റദ്ദാക്കുമെന്നും കാണിച്ചു നേരത്തേ നോട്ടിസ് നൽകിയിരുന്നു. മറുപടി ലഭിക്കാതിരുന്നതിനെ തുടർന്നാണു റദ്ദാക്കൽ. ഇതിനിടെ, നീരവ് മോദിയുടെ സ്ഥാപനത്തിൽനിന്നു വൻതുകയുടെ ആഭരണങ്ങൾ വാങ്ങിയതു സംബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയുടെ ഭാര്യ അനിതയോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട വിശദീകരണം ഇന്നലെ സമർപ്പിച്ചു. തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ ബാങ്കുകൾ സ്വകാര്യവൽക്കരിക്കണമെന്ന് ആവശ്യപ്പെടുന്നതിനോടു യോജിപ്പില്ലെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി വ്യക്തമാക്കി.

facebook whatsapp