ദുബായ്:- നടി ശ്രീദേവിയുടെ ഭൗതികശരീരം ഇന്ന് മുംബൈയിൽ എത്തിക്കില്ല. ദുബായിൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മാത്രമേ മുംബൈയിലേക്ക് മൃതദേഹം എത്തിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ഫൊറൻസിക്-രക്തപരിശോധനാ ഫലങ്ങൾ വൈകുന്നതാണു കാരണം

ഇന്നു തന്നെ മൃതദേഹം മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഇന്ത്യൻ കോൺസുലേറ്റ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഈ റിപ്പോർട്ട് വരാതെ മരണകാരണത്തിൽ ഉൾപ്പെടെ ഒന്നും പറയാനാകില്ല. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം മുഹൈസിനയിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററിലേക്കു കൊണ്ടു പോകും എന്നാണ് അറിയാൻ കഴിയുന്നത്.

നിലവിൽ അൽ ഖിസൈസിലുള്ള പൊലീസ് ആസ്ഥാനത്തെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. അവർ മാധ്യമ പ്രവർത്തകരെ കാണാനും തയാറായിട്ടില്ല. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥൻ ശ്രീദേവിയുടെ കുടുംബാംഗങ്ങൾക്കൊപ്പമുണ്ട്.

മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കും മുൻപ് നിയമനടപടികൾ പൂർത്തിയാക്കണം. ഫൊറൻസിക് റിപ്പോർട്ടുൾപ്പെടെ ലഭിക്കാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ കോൺസുലേറ്റ്. അതിനു ശേഷമായിരിക്കും മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കാനുള്ള നടപടികൾ ആരംഭിക്കുകയെന്ന് കോൺസൽ ജനറൽ വിപുൽ അറിയിച്ചു. അതേസമയം സ്വാഭാവിക മരണമായതിനാൽ പോസ്റ്റ്മോർട്ടത്തിനു സാധ്യതയില്ലെന്ന് കോൺസുലേറ്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

എന്നാൽ ശുചിമുറിയില്‍ കുഴഞ്ഞു വീണ നിലയിൽ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ മൃതദേഹം കൂടുതൽ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരും. മുംബൈയിലേക്കു കൊണ്ടു പോകുന്നത് ഇനിയും വൈകാനും സാധ്യതയുണ്ട്.

facebook whatsapp