ന്യൂ‍ഡൽഹി:- എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഒരോ ഇന്ത്യക്കാരുടെയും ഉത്തരവാദിത്തമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യയുടെ വികസനത്തിൽ സ്ത്രീകൾക്കും തുല്യപങ്കാളിത്തം ഉറപ്പാക്കണം. ആത്മവിശ്വാസത്തിലൂടെയാണ് അവർ ഉയരങ്ങളിലെത്തുന്നത്. ഇതിലൂടെ അവര്‍ രാജ്യത്തെയും സമൂഹത്തെയും ഉയരങ്ങളിലെത്തിക്കുന്നു. സ്ത്രീ വികസനം എന്നതിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്കാണ് രാഷ്ട്രത്തിന്റെ യാത്ര. പ്രതിമാസ റേഡിയോ പരിപാടി ‘മൻ കി ബാത്തി’ലാണ് പ്രധാന മന്ത്രിയുടെ പ്രതികരണം. ശരിയായ സ്ത്രീത്വം എന്നത് ശരിയായ സ്വാതന്ത്ര്യമാണെന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളത്. സ്ത്രീകളാൽ പുരുഷന്മാർ അറിയപ്പെടുന്നതാണ് നമ്മുടെ പാരമ്പര്യം. യശോദ നന്ദൻ, കൗസല്യ നന്ദൻ, ഗാന്ധാരി പുത്ര എന്നീ പ്രയോഗങ്ങളെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്– മോദി പറഞ്ഞു.

ശാസ്ത്രത്തിനും സുരക്ഷയ്ക്കും കൂടി പ്രാധാന്യം നൽകിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ദേശീയ ശാസ്ത്രദിനം, സുരക്ഷാ ദിനം എന്നിവയ്ക്കു മുന്നോടിയായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണങ്ങൾ. ദിവസേനയുള്ള ജീവിതത്തില്‍ സുരക്ഷാ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്നതിനാലാണ് ദുരന്തങ്ങളുണ്ടാകുമ്പോൾ അതു വൻ വെല്ലുവിളിയാകുന്നത്. പുതുതായി പ്രഖ്യാപിച്ച ഗോബർധൻ പദ്ധതിയിലൂടെ ഗ്രാമങ്ങൾ‌ മാലിന്യമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യങ്ങള്‍ ഉപയോഗിച്ച് ബയോഗ്യാസ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ 300 മില്യൻ കന്നുകാലികളുണ്ടെന്നാണു കണക്ക്. മൂന്ന് മില്യൻ ടൺ ചാണകം പ്രതിദിനം ഉൽപാദിപ്പിക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളും ചൈനയും ചാണകത്തിൽ നിന്നു ഫലപ്രദമായി ഊർജം ഉൽപാദിപ്പിക്കുന്നു. എന്നാൽ ഇന്ത്യയിലിതു പൂർണമായും നടപ്പാക്കാൻ സാധിച്ചിട്ടില്ല. ഇതിനു മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സ്വയം സഹകരണ സംഘങ്ങളെ ഇതിനായി സ്വാഗതം ചെയ്യുന്നതായും മോദി അറിയിച്ചു.

facebook whatsapp