image ഭുവനേശ്വർ (ഒഡീഷ):- വിവാഹസമ്മാനമായി അയച്ചുകിട്ടിയ ‘പാഴ്സൽ ബോംബ്’ പൊട്ടി നവവരനും മുത്തശ്ശിയും കൊല്ലപ്പെട്ടു; നവവധു ആശുപത്രിയിൽ. പടിഞ്ഞാറൻ‌ ഒഡീഷയിലെ പട്നഗഡ് സ്വദേശി സൗമ്യ ശേഖർ സാഹു, മുത്തശ്ശി ജമമണി സാഹു (85) എന്നിവരാണു മരിച്ചത്. സൗമ്യ ശേഖറിന്റെ ഭാര്യ റീമയ്ക്കു ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. മനോഹരമായ സമ്മാനപ്പൊതിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്. അയച്ച ആളുടെ പേരോ വിലാസമോ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച, ദമ്പതികൾ കൗതുകത്തോടെ പൊതി തുറന്നയുടൻ പൊട്ടിത്തെറിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വരനെയും മുത്തശ്ശിയെയും രക്ഷിക്കാനായില്ല. അന്വേഷണം ആരംഭിച്ചതായും പ്രദേശത്തു തന്നെയുള്ളവരാണു കൃത്യത്തിനു പിന്നിലെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം മധ്യപ്രദേശിൽ, വിവാഹനിശ്ചയ ദിനത്തിൽ അയച്ചുകിട്ടിയ ബോംബ് പൊട്ടിത്തെറിച്ചു ഡോക്ടർ കൊല്ലപ്പെട്ടു. റേഡിയോയിലായിരുന്നു ബോംബ് ഒളിപ്പിച്ചിരുന്നത്. image2

facebook whatsapp