തൃശൂർ/ പാലക്കാട് :- അട്ടപ്പാടി മുക്കാലിയിൽ മധു (27) കൊല്ലപ്പെട്ടതു ക്രൂരമർദനമേറ്റെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി പ്രാഥമിക വിവരം. തലയ്ക്കേറ്റ ശക്തമായ അടിയിൽ തലച്ചോറിലുണ്ടായ മുറിവും ആന്തരിക രക്തസ്രാവവുമാണു മരണത്തിലേക്കു നയിച്ചതെന്നു ഫൊറൻസിക് വിദഗ്ധർ അന്വേഷണ ഉദ്യോഗസ്ഥർക്കു വിവരം നൽകി.

മർദനത്തിൽ ഒരു വാരിയെല്ലു പൊട്ടി. ദേഹമാസകലം മർദനമേറ്റു. നെഞ്ചിലും സാരമായ പരുക്കുണ്ട്. ഉരുണ്ട വടികൊണ്ടു ശക്തിയായി അടിച്ചതിന്റെ പാടു പുറത്തുണ്ട്. വാരിയെല്ലു പൊട്ടിയത് ഈ അടിയിലാകാമെന്നാണു നിഗമനം. മലയാളിമനസ്സാക്ഷിയെ ഞെട്ടിക്കുകയും രാജ്യാന്തര തലത്തിൽ വരെ കേരളത്തിന് അപമാനമാവുകയും ചെയ്ത ക്രൂരതയുടെ പേരിൽ 16 പേരെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലുണ്ടായിരുന്ന 10 പേർക്കു പുറമേ ആറു പേരെക്കൂടി പിടികൂടിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എല്ലാ പ്രതികൾക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ആദിവാസികൾക്കു നേരെയുള്ള അതിക്രമം തടയൽ നിയമം, കൊലപ്പെടുത്താൻ വേണ്ടി തട്ടിക്കൊണ്ടുപോകൽ, മാരകായുധങ്ങൾ ഉപയോഗിച്ചു കൊലപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും അനുസരിച്ചാണു കേസ്. പ്രതികളെ പട്ടികവർഗക്കാർക്കുള്ള അതിക്രമങ്ങൾ സംബന്ധിച്ച മണ്ണാർക്കാട്ടെ എസ്‌സി/എസ്ടി പ്രത്യേക കോടതിയിൽ ഇന്നു ഹാജരാക്കും. വനം ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന പരാതി അന്വേഷിക്കാൻ വനം വിജിലൻസിനെ ചുമതലപ്പെടുത്തി. രാവിലെ എട്ടരയോടെ തുടങ്ങിയ പോസ്റ്റ്മോർട്ടം 11.30 വരെ നീണ്ടു. പൂർണമായി വിഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു. റിപ്പോർട്ട് ഉടൻ സമർപ്പിക്കും. പന്ത്രണ്ടരയോടെയാണു മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തത്. മെഡിക്കൽ കോളജിന്റെ ആംബുലൻസിൽ അഞ്ചുമണിയോടെ അട്ടപ്പാടി വനമേഖലയിലെ ഊരിലെ വീട്ടിൽ എത്തിച്ചു. ഇവിടെ ചടങ്ങുകൾക്കുശേഷം ആറരയോടെ തൊട്ടടുത്ത ശ്മശാനത്തിൽ സംസ്കരിച്ചു. ആ 16 പേർ ഇവർ കൊലക്കുറ്റം ഇവർക്കെതിരെ: അഗളി കള്ളമല താവളം പാക്കുളം മേച്ചേരിയിൽ ഹുസൈൻ (50), മുക്കാലി സ്വദേശികളായ കിളയിൽ മരയ്ക്കാർ (33), പൊതുവച്ചോല ഷംസുദ്ദീൻ (34), താഴുശ്ശേരി രാധാകൃഷ്ണൻ (34), പടിഞ്ഞാറേപ്പള്ള കുരിക്കൾ സിദ്ദീഖ് (38), തൊട്ടിയിൽ ഉബൈദ് (25), വിരുത്തിയിൽ നജീബ് (33), മണ്ണമ്പറ്റ ജെയ്ജുമോൻ (44), കക്കുപ്പടി കൽക്കണ്ടി കുന്നത്ത് അനീഷ് (30), തെങ്കര ആനമൂളി പൊതുവച്ചോല അബൂബക്കർ (31), മുക്കാലി ചോലയിൽ അബ്ദുൽ കരീം (48), കള്ളമല കൊട്ടിയൂർകുന്ന് പുത്തൻപുരയ്ക്കൽ സജീവ് (30), മുരിക്കട സതീഷ് (39), ചെരിവിൽ ഹരീഷ് (34), ചെരിവിൽ ബിജു (41), വിരുത്തിയിൽ മുനീർ (28).

facebook whatsapp