തൃശൂർ:- രാഷ്ട്രീയ ആക്രമണം സിപിഎമ്മിന്റെ സംസ്കാരമല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കമ്യൂണിസ്റ്റുകാരെ ആക്രമിക്കാൻ ആരെങ്കിലുമെത്തിയാൽ അവരെ പ്രതിരോധിക്കുകയെന്നത് പാർട്ടിയുടെ ചുമതലയാണ്. പാളിച്ചകള്‍ ആരുടെയെങ്കിലും ഭാഗത്തു നിന്നുണ്ടായാൽ അതു തിരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. സിപിഎമ്മിനെ ശാരീരികമായി ആക്രമിക്കുന്നതാണു മറ്റുപാര്‍ട്ടികളുടെ ശ്രമം. എന്നാൽ അതൊന്നും വിലപ്പോവില്ല. ചെങ്കൊടിയെ നശിപ്പിക്കാൻ ശ്രമിച്ച ഹിറ്റ്‍ലർ പരാജയപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിനും അതിനു കഴിഞ്ഞില്ലെന്നും യച്ചൂരി പറഞ്ഞു.

ഉൾപാർട്ടി ജനാധിപത്യമാണ് സിപിഎമ്മിന്റെ ശക്തി. ചർച്ചചെയ്തെടുക്കുന്ന തീരുമാനം നടപ്പാക്കുന്നതിനായി സിപിഎം ഒറ്റക്കെട്ടാണ്. പാർ‌ട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. കോൺഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണകളുണ്ടാക്കി ബിജെപിയെ തോൽപിക്കാനില്ല. തിരഞ്ഞെടുപ്പിൽ പരമാവധി വോട്ടുകൾ സ്വരൂപിക്കുന്നതിനുള്ള അടവുനയം രൂപീകരിക്കാൻ ശ്രമിക്കും.

ഹൈദരാബാദ് പാർട്ടി കോണ്‍ഗ്രസിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുക. ജനാധിപത്യത്തിലെ നാലാം തൂണാണ് മാധ്യമങ്ങൾ. എന്നാൽ വാർത്തകൾ തെറ്റായി നൽകുന്നതു ശരിയല്ല. മോദി സർക്കാരിന്റെ നേട്ടമുണ്ടാക്കിയിട്ടുളളത് ഇന്ത്യയിലെ ധനികർ മാത്രമാണ്. ഇതാണ് രണ്ട് ഇന്ത്യയെന്ന് പറയുന്നത്. ദരിദ്ര ഇന്ത്യയെ നമ്മൾ കാണണം. ബിജെപി സർക്കാർ തൊഴിലില്ലായ്മയാണ് സൃഷ്ടിക്കുന്നത്.

എട്ടു പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങളിൽ 80,000 പേർക്കാണു തൊഴിൽ നഷ്ടപ്പെട്ടത്. വർഗീയധ്രുവീകരണ ശ്രമങ്ങൾക്കാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ആർഎസ്എസ് തുടർച്ചയായ പ്രകോപനങ്ങൾ സൃഷ്ടിക്കുകയാണ്. അവർ മുസ്‍ലിങ്ങളെയും ദലിതുകളെയും ആക്രമിക്കുകയാണ്. എന്തു കഴിക്കണം, ആരെ പ്രണയിക്കണം, എന്തു ധരിക്കണം എന്നതെല്ലാം തീരുമാനിക്കാനാണ് അവരുടെ ശ്രമം. സർവകലാശാലകളിലെ സിലബസ് പോലും അവർ തോന്നിയപോലെ പരിഷ്കരിക്കുകയാണ്.

ആർഎസ്എസിന്റെ സൈന്യത്തിനെതിരായ പ്രസ്താവന രാജ്യത്തെ സൈനികരെ അപമാനിക്കുന്നതാണ്. ആർഎസ്എസ് മേധാവിക്ക് പിന്നെന്തിനാണ് സർക്കാരിന്റെ സുരക്ഷാ വിഭാഗം അകമ്പടി സേവിക്കുന്നത്? അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബിജെപി ഭരണഘടന തന്നെ മാറ്റിയെഴുതും. അതുകൊണ്ടാണ് ബിജെപിക്കെതിരെ പോരാടുന്നതെന്നും യച്ചൂരി പറഞ്ഞു.

‘കോൺഗ്രസിന്റെ കണ്ണൂരിലെ നിരാഹാരസമരം ആർഎസ്എസ് പ്രോൽസാഹനത്തിൽ’

സിപിഎമ്മിന്റെ ജനസ്വാധീനം ഇല്ലാതാക്കാൻ കോൺഗ്രസും ആർഎസ്എസും പരിശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. പാർട്ടി ശക്തിപ്പെട്ടാൽ, ജനസ്വാധീനം കൂടിയാൽ ഇടതുപക്ഷത്തിന് രാഷ്ട്രീയ തുടർച്ചയുണ്ടാകും. ഈ മുന്നേറ്റം തടയാനാണ് പ്രതിപക്ഷ ശ്രമം. കേരളം കലാപ സംസ്ഥാനമാക്കാൻ ആർഎസ്എസ്‍ ശ്രമിക്കുന്നു. ആർഎസ്എസ് കൊലപാതക പദ്ധതികൾ തയാറാക്കുന്നു.

പാര്‍ട്ടിയെ അക്രമകാരികളുടെ പാർട്ടിയാക്കാൻ ബിജെപി ശ്രമിക്കുന്നു. സിബിഐയെ ഉപയോഗിച്ചാണ് അവരുടെ നീക്കങ്ങൾ. കണ്ണൂരിൽ ദൗർഭാഗ്യകരമായ സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. പാർട്ടി അപലപിച്ചിട്ടുണ്ട്. കോൺഗ്രസ് സിപിഎമ്മിന്റെ നിരവധി പ്രവര്‍ത്തകരെ കൊന്നിട്ടുണ്ട്. അത് ഏകദേശം 250ന് അടുത്ത് വരും. അവരാണ് ഇപ്പോൾ ഗാന്ധിയൻമാർ‌ ചമഞ്ഞ് നിരാഹാരമിരിക്കുന്നത്.

അനിശ്ചിതകാല നിരാഹാരം എത്ര ദിവസവും കിടക്കാവുന്നയാളെ തന്നെയാണ് കോൺഗ്രസ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ‌ അതിനു കടന്നപ്പള്ളിയെ അക്രമിക്കേണ്ട കാര്യമെന്താണ്? ഗാന്ധിയൻ രീതിയില്‍ ജീവിക്കുന്ന ആളാണ് കടന്നപ്പള്ളി. അദ്ദേഹത്തെയാണ് കോൺഗ്രസ് ആക്രമിക്കുന്നത്.

ഇടത് മന്ത്രി ചന്ദ്രശേഖരനെ തിരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ ആർഎസ്എസ്‍ ആക്രമിച്ചു. ഇത്തരക്കാരെ ഒറ്റപ്പെടുത്തണം. സിപിഎം അക്രമത്തിൽ വിശ്വസിക്കുന്നില്ല. സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യും. കോൺഗ്രസ് നടത്തുന്ന നിരാഹാരസമരം ആർഎസ്എസ് പ്രോൽസാഹനത്തിലൂടെയാണ്. ആര്‍എസ്എസ്‍ നേതാവ് അവിടെ സന്ദർശിച്ചത് അതുകൊണ്ടാണ്.– കോടിയേരി പറഞ്ഞു.

സിപിഎമ്മിൽ ഒറ്റ ശബ്ദം മാത്രമാണ് ഉള്ളത്. വ്യത്യസ്ത ശബ്ദങ്ങൾ ഇല്ല. ഇടത് പദ്ധതികളുടെ കൂടെ ജനങ്ങൾ അണിനിരക്കണം. കേരളത്തിന്റെ മനുഷ്യർക്കു കേരളത്തിൽ തന്നെ തല ചായ്ക്കാൻ ഇടമുണ്ടാക്കുന്നതിൽ ഇടത് സർക്കാര്‍ വിജയിച്ചു. ഭവനരഹിതരായ 2000 പേര്‍ക്ക് സിപിഎം വീടു നിർമിച്ചുനൽകും. പാർട്ടി സമ്മേളനം എപ്പോഴും കേരളത്തിന്റെ മാറ്റങ്ങൾക്കുള്ള തീരുമാനങ്ങളാണ് എടുക്കാറുള്ളത്. ഇത്തവണയും അങ്ങനെ തന്നെ. ജനങ്ങൾ മുഴുവൻ ഇതിന്റെ ഭാഗമാകണം. ഇടതു സർക്കാരിന്റെ പദ്ധതികളുടെ നേട്ടമാണ് ഇന്ന് കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

‘കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല കേരള കോണ്‍ഗ്രസ്; സിപിഐ നിഴൽയുദ്ധം ചെയ്യേണ്ട’

കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല കേരള കോണ്‍ഗ്രസെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോണ്‍ഗ്രസിനോടുള്ള രാഷ്ട്രീയനയമല്ല കേരള കോണ്‍ഗ്രസിനോട് സ്വീകരിക്കുന്നത്. സിപിഐ നിഴല്‍യുദ്ധം നടത്തേണ്ട. തര്‍ക്കങ്ങളുണ്ടെങ്കില്‍ നേരിട്ടുപറയാം. എല്‍ഡിഎഫിലേക്ക് വരുന്നു എന്ന് മാണി പറഞ്ഞിട്ടില്ല. പറയുമ്പോള്‍ മാത്രം ചര്‍ച്ചയാകാമെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മനോരമന്യൂസിനോട് പറഞ്ഞു. കേരള കോണ്‍ഗ്രസിനോടുളള നിലപാട് സിപിഎം ഇതുവരെ ചര്‍ച്ച െചയ്തിട്ടില്ല. പിബി അനുമതിയോടെയേ അതു ചര്‍ച്ച ചെയ്യാനാകൂ. അങ്ങനെ ചര്‍ച്ച വന്നാല്‍ സിപിഐയുടെയും മറ്റു ഘടകകക്ഷികളുടെയും അഭിപ്രായം ചോദിക്കും. സിപിഎം ഒറ്റയ്ക്കു തീരുമാനമെടുക്കില്ല. രാഷ്ട്രീയ അക്രമങ്ങള്‍ നേതൃതലത്തിലെ ആലോചനയുടെ ഫലമല്ല. പ്രാദേശികമായ വികാരപ്രകടനങ്ങള‍ാണു കൊലപാതകങ്ങളില്‍ വരെ എത്തുന്നത്. വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് അക്രമം കൊണ്ടല്ല. പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുകയാണു വേണ്ടത്. അക്രമം കൊണ്ട് പാര്‍ട്ടിക്കാണു നഷ്ടം. ഇത് അനുഭാവികളെയടക്കം ബോധ്യപ്പെടുത്തും. യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. മാര്‍ക്സിസ്റ്റ് വിരുദ്ധമുന്നണിക്ക് കേരളത്തില്‍ പ്രസക്തിയില്ല. കോണ്‍ഗ്രസുമായി രാഷ്ട്രീയകൂട്ടുകെട്ട് അസാധ്യമാണെന്നും നയപരമായ യോജിപ്പില്ലെന്നും കോടിയേരി വിശദീകരിച്ചു. സിപിഎമ്മിലെ വിഭാഗീയതയുടെ കേന്ദ്രം ഇല്ലാതായി. സംസ്ഥാനതലത്തില്‍ ഇപ്പോള്‍ അങ്ങനെയൊരു കേന്ദ്രമില്ല. പാര്‍ട്ടിക്കു ഇന്ന് ഒരു അഭിപ്രായമേ ഉളളൂ. വ്യത്യസ്ത ശബ്ദങ്ങളില്ലെന്നും കോടിയേരി തൃശൂരില്‍ പറഞ്ഞു. മന്ത്രിസഭാപുനഃസംഘടന സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള റെഡ് വൊളണ്ടിയർ മാർച്ച് തുടങ്ങി. മൂന്നു കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച മാർച്ചാണ് പുരോഗമിക്കുന്നത്. പൊതു സമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനത്തു മാർച്ച് സമാപിക്കും. പൊതുസമ്മേളനത്തിനും അൽപസമയത്തിനകം തുടക്കമാകും.

facebook whatsapp