പാലക്കാട്:- ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം ചേർന്ന് മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വിവാദമായ സെൽഫി പകർത്തിയ തൊട്ടിയിൽ ഉബൈദ്(25) എട്ടാം പ്രതി. മധുവിന്റെ ഉടുമുണ്ട് അഴിച്ച് കൈകൾ ബന്ധിച്ച നിലയിൽ കാട്ടിലെ പാറയിടുക്കിന് അടുത്തു വച്ചാണ് ഉബൈദ് സൈൽഫിയെടുത്തത്. ഇതു സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു.

നിലവിൽ മറ്റു പ്രതികൾക്കെതിരെ ചേർത്തിരിക്കുന്ന വകുപ്പുകൾ തന്നെയാണ് ഇയാൾക്കെതിരെയും ചേർത്തിരിക്കുന്നത്. ചിണ്ടക്കിയിലെ കാട്ടിൽ വച്ച് സെൽഫിയടക്കമുള്ള ചിത്രങ്ങളും തുടർന്ന് മുക്കാലിയിൽ എത്തി മധുവിനെ അടുത്ത ബസ് കാത്തിരുപ്പ് കേന്ദ്രത്തിനു സമീപം നിർത്തി ചോദ്യം ചെയ്യുന്നതിന്റെ വിഡിയോയും പകർത്തിയിരുന്നു.

ഇപ്പോൾ ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടില്ലെങ്കിലും തുടരന്വേഷണത്തിൽ ഇയാൾക്കെതിരെ ഈ വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്നാണ് അറിയുന്നത്. അഗളി പൊലീസ് സ്റ്റേഷനു മുന്നിൽ ആദിവാസി ആക്‌ഷൻ കൗൺസിൽ നടത്തിവന്ന സമര പന്തലിൽ വിവാദ സെൽഫിയും ഇയാളുടെ ചിത്രങ്ങളും പോസ്റ്റർ രൂപത്തിൽ‌ പതിച്ചിരുന്നു.

facebook whatsapp