കഞ്ഞിക്കുഴി (ആലപ്പുഴ):- സിപിഐ നിഴലിനോട് യുദ്ധം ചെയ്യാറില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിഴൽയുദ്ധം നടത്തുന്ന ശീലം പാർട്ടിക്കില്ല. പറയേണ്ടതെല്ലാം തുറന്ന് പറയുന്ന പാർട്ടിയാണ് സിപിഐയെന്നും കാനം പറഞ്ഞു. അഴിമതിക്കെതിരെ എൽഡിഎഫ് നടത്തിയ സമരത്തിന്റെ ഉൽപ്പന്നമാണ് ഇപ്പോഴത്തെ സർക്കാര്‍. അതിനെ തകർക്കാൻ ആരെയും അനുവദിക്കില്ല. അഴിമതിയുടെ കാര്യത്തിൽ കുറഞ്ഞ ഡിഗ്രിയോ കൂടിയ ഡിഗ്രിയോ ഇല്ല. അഴിമതി എല്ലാം അഴിമതി തന്നെയാണ്. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല– കാനം പറഞ്ഞു. മുഹമ്മ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ (എഐടിയുസി) നിർമ്മിച്ച കെ.വി.വൈദ്യർ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തിയശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ നിഴലിനോട് യുദ്ധം ചെയ്യേണ്ട ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. അതിനു മറുപടിയായിട്ടായിരുന്നു കാനത്തിന്റെ പ്രതികരണം.

facebook whatsapp